ഒരു നടനെന്ന നിലയില്‍ കഥാപാത്രമായി മാറുക എന്നത് സുപ്രധാനവും സങ്കീര്‍ണവുമായ പ്രക്രിയയാണ്. കഥാപാത്രം ആരാണ് എന്താണ് എന്നതിനെ ആശ്രയിച്ച് ഒരു വ്യക്തിത്വവും ശൈലിയും സംസ്കാരവും ഒക്കെ സ്വീകരിക്കേണ്ടതുണ്ട്. എന്നാല്‍, ഒരു കഥാപാത്രം തിരക്കഥാകൃത്തിന്റെ പാത്രസൃഷ്ടിയുടെ വൈദഗ്ധ്യങ്ങള്‍ക്കു മേലേ ഒരു വ്യക്തിത്വവും ചരിത്രവും ജീവിതവും ഒക്കെയുള്ള ആളാകുമ്പോള്‍ ആ കഥാപാത്രമായി മാറുക എന്നത് അത്ര എളുപ്പമല്ല. കഥാപാത്രം അവതരിപ്പിക്കുകയല്ല, മഹത്തായ ഒരു ദൌത്യം പൂര്‍ത്തിയാക്കുന്നതു പോലെയോ പൂര്‍ത്തിയാക്കിയ ദൌത്യം പ്രഘോഷിക്കുന്നതു പോലെയോ ഒക്കെ പവിത്രമായ ഒരനുഭവമായി അതു മാറും.
കേരളവര്‍മ പശശ്ശിരാജയെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് അത്തരത്തില്‍ ഒരു ദൌത്യപൂര്‍ത്തീകരണമോ പ്രഘോഷണമോ ഒക്കെയാണെനിക്ക്. സിനിമയുടെ താല്‍പര്യങ്ങള്‍ക്കപ്പുറത്തേക്ക് സമര്‍ഥനും സത്യസന്ധനുമായ ആ സ്വാതന്ത്യ്രപ്പോരാളിയെക്കുറിച്ചോര്‍ത്ത് മനസ്സില്‍ വ്യഥ നിറയുന്നതും അതുകൊണ്ടാണ്. ഇന്ന് പഴശ്ശിരാജയുടെ 204-ാം ചരമവാര്‍ഷികം. പഴശ്ശിരാജ എന്ന സിനിമയെപ്പറ്റിയുള്ള ആലോചനകള്‍ തുടങ്ങുന്ന കാലം മുതല്‍, മലയാളത്തിന്റെ ഗുരുനാഥന്‍ എംടി വാസുദേവന്‍ നായര്‍ ആ പോരാളിയുടെ ജീവിതം എഴുതിത്തുടങ്ങുമ്പോള്‍ മുതല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, നവംബര്‍ 30 എന്ന ദിവസം വളരെ അടുത്ത ഒരു ബന്ധു എന്ന പോലെ പഴശ്ശി മനസ്സില്‍ നിറയുകയാണ്. എന്തുകൊണ്ടോ ഈ വര്‍ഷം പ്രത്യേകിച്ചും, പാഠപുസ്തകത്തില്‍ പഠിച്ചതും പറഞ്ഞു കേട്ടതും അന്വേഷിച്ചറിഞ്ഞതും ധ്യാനിച്ചു സംഗ്രഹിച്ചതുമൊക്കെയായി പഴശ്ശിയുടെ വീരചരിതം മനസ്സിനെ വല്ലാതെ പ്രകമ്പനം കൊള്ളിക്കുന്നു. ആ വാള്‍പ്പിടിയിലെ ഊര്‍ജപ്രവാഹം അറിയാതെ കൈകളില്‍ ആവേശിക്കുന്നു.
ചിലരുടെ ജീവിതം എത്ര കാലം കഴിഞ്ഞാലും നമ്മെ വല്ലാതെ വേട്ടയാടും. ഒരു പക്ഷെ, മനസ്സുകള്‍ തമ്മിലുള്ള ചേര്‍ച്ചയാവാം അല്ലെങ്കില്‍ ആ ജീവിതം ജീവിക്കാനായില്ലല്ലോ എന്ന നിരാശയാവാം. കഥാപാത്രമായി മാറുമ്പോള്‍ അഭിനയിക്കുകയാണെന്നു നടനു തോന്നാത്തത് ആ ജീവിതം ജീവിക്കാന്‍ ലഭിച്ച അവസരം വല്ലാത്ത ആവേശത്തോടെ ആസ്വദിക്കുമ്പോഴാണ്. കഥാപാത്രമായി മാറുക എന്നൊക്കെ പറയുന്നത് ചിലപ്പോഴൊക്കെ പ്രഫഷനലിസത്തിനപ്പുറത്തേക്ക് സ്വയം അസ്വസ്ഥതപ്പെടുത്തുന്ന, ആഴ്ചകളോളം നീറിപ്പിടിക്കുന്ന ഒരനുഭവമാണ്. ഒരു നടന്റെ വിധിയാണത്. അപ്പോഴും, ആവിഷ്കരിക്കാന്‍ ശ്രമിക്കുന്ന കഥാപാത്രത്തിന്റെ ജീവിതം നമ്മളിലൂടെ തുടരുകയാണ് എന്ന നിര്‍വൃതി എല്ലാ അസ്വസ്ഥകളെയും ശാന്തമാക്കും.
കുറച്ചുനാളത്തേക്കെങ്കിലും വീരപഴശ്ശിയായിരുന്നു ഞാന്‍. ആ മനസ്സിന്റെ കരുത്തും, തീര്‍ച്ചകളിലെ മൂര്‍ച്ചയും അമ്പരപ്പിക്കുന്ന ആഴത്തില്‍ അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ടെനിക്ക്. രണ്ടു നൂറ്റാണ്ടു മുമ്പേ കഥാവശേഷനായ പഴശ്ശിക്ക് കേരളസമൂഹത്തില്‍ ഇന്നും ഇത്ര ശക്തമായ സ്വാധീനം ചെലുത്താനായി എന്നത് പഴശ്ശിയുടെ ജീവിതം കാലത്തിനും ചരിത്രത്തിനും മേല്‍ അവശേഷിപ്പിച്ച ഒരിക്കലും മരിക്കാത്ത അടയാളങ്ങളാണ്. സിനിമയില്‍ കണ്ടതിനുമപ്പുറത്താണ് പഴശ്ശി എങ്കിലും അവിടേക്കെത്താന്‍ പഴശ്ശിരാജ എന്ന സിനിമ നിമിത്തമായി എന്നതില്‍ അഭിമാനിക്കുന്നു.
പഴശ്ശിരാജയുടെ പോരാട്ടവും ജീവിതവുമൊക്കെ അക്കാദമിക് തലത്തിനപ്പുറത്തേക്ക് ഉയരുന്നത് ഇന്നത്തെ സാമൂഹികാവസ്ഥയില്‍പ്പോലും അദ്ദേഹം മുറുകെ പിടിച്ച ആശയങ്ങള്‍ പ്രസക്തമാണ് എന്നതുകൊണ്ടാണ്. പറഞ്ഞു പഴകിയ വാക്കുകളാണെങ്കിലും വര്‍ഗീയതയും ആഗോളവല്‍ക്കരണവും ഒക്കെ അനുദിനം നമ്മള്‍ നേരിടുന്ന വിഷയങ്ങളാണ്. വിദേശ അധിനിവേശം ചെറുക്കുന്നതോടൊപ്പം നമ്മുടെ കാര്‍ഷികമേഖലയുടെ അടിത്തറ കാത്തുസൂക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാട് പഴശ്ശിയ്ക്കുണ്ടായിരുന്നു. ഇന്ത്യന്‍ മതേതരത്വത്തിന്റെ കരുത്തനായ കാവലാളായിരുന്നു പഴശ്ശി.
പഴശ്ശിയുടെ സമരങ്ങള്‍ ഒന്നും ചരിത്രപുസ്തകങ്ങളില്‍ അവസാനിക്കുന്നവയല്ല. അവ നല്‍കുന്ന പാഠങ്ങള്‍ പുതിയ ഉള്‍ക്കാഴ്ചകളാവണം. പഴശ്ശിത്തമ്പുരാനും അദ്ദേഹത്തിന്റെ അനുയായികളും നമ്മുടെ സാക്ഷ്യപത്രങ്ങളോ സ്തുതിഗീതങ്ങളോ വിമര്‍ശനങ്ങളോ ഒന്നും ആവശ്യമില്ലാത്ത നിലയിലേക്കുയര്‍ന്നിരിക്കുന്നു. അനുസ്മരണ സമ്മേളനങ്ങളും പത്രക്കുറിപ്പുകളുമൊന്നും പഴശ്ശിയെ പെരുമയെ സ്വാധീനിക്കാന്‍ ശക്തമല്ല. ഈ ചരമവാര്‍ഷികദിനത്തിലും നാം പഴശ്ശിയെ ഓര്‍ക്കുന്നത് വീരാരാധനയുടെ ഭാഗമായല്ല, ലോകത്തിനും സമൂഹത്തിനും മാര്‍ഗദര്‍ശിയായ ഒരു മഹാത്മാവിന്റെ അനുഭവപാഠങ്ങള്‍ നമ്മെ പ്രചോദിപ്പിക്കേണ്ടതിനാവണം. സ്വാതന്ത്യ്രപ്പോരാളി എന്നതിനപ്പുറത്തേക്ക് ഒരു സാമൂഹികപാഠമായി പഴശ്ശിത്തമ്പുരാന്‍ മാറുന്നത് നാം ഓരോരുത്തരിലൂടെയുമാവണം.
മമ്മൂട്ടി :: Mammootty
ഞാന്‍ മമ്മൂട്ടി. ഒരു സാമൂഹികജീവിയെന്ന നിലയില്‍, സാമൂഹികപ്രതിബദ്ധതയുള്ള പൗരനെന്ന നിലയില്‍, എന്‍റെ ചിന്തകളും ആശങ്കകളും പ്രതീക്ഷകളും ഇവിടെ.
Sunday, November 29, 2009
Subscribe to:
Posts (Atom)

